കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

Jaihind Webdesk
Friday, December 3, 2021

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർ. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഐഎഎസ്, ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുമ്പ് തന്നെ സർക്കാർ ഇടപെട്ട് തീരുമാനം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഈ മാസം ഒന്നിന് ചേർന്ന മന്ത്രി സഭ യോഗത്തിലാണ് കെഎഎസിന്‍റെ ശമ്പളവും അനുകൂല്യങ്ങളും നിശ്ചയിച്ചത്. ഇതനുസരിച്ചു ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി 81,800 രൂപ ലഭിക്കും. ഇത് സിവിൽ സർവീസ് കഴിഞ്ഞ് എത്തുന്ന ഉദ്യോഗസ്ഥനു ലഭിക്കുന്നതിനേക്കാൾ 25000 ഓളം രൂപ അധികമാണ്. ഇതിനെതിരെയാണ് അസോസിയേഷനുകൾ പരാതിയുമായി രംഗത്ത് വന്നത്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നും തീരുമാനം ഉത്തരവായി ഇറങ്ങും മുമ്പ് തന്നെ സർക്കാർ ഇടപെട്ട് തീരുമാനം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎഎസിനു വേണ്ടി ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തതിനെക്കാൾ അധികമാണ് കെഎഎസിന് നിശ്ചയിച്ചിരിക്കുന്ന 81,800 എന്ന ശമ്പള സ്കെയിൽ. മാത്രമല്ല, കെഎഎസ് ഓഫീസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാന തലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതി വരും. ഈ അപാകത അധികാര ശ്രേണിയിലും റിപ്പോർട്ടിംഗിലും വിഷമതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മിൽ താരതമ്യ പരിശോധനയ്ക്ക് സർക്കാർ തയാറാകണമെന്നും അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ജില്ലാ തല ഭരണക്രമത്തിൽ വിഷമതകൾ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷൻ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഎഫ് അസോസിയേഷൻ നൽകിയ കത്തിലുമുള്ളത്.