കരുവന്നൂരില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍; വായ്പ തിരിച്ചടയ്ക്കാന്‍ വന്‍ ഇളവുകള്‍

Jaihind Webdesk
Sunday, October 8, 2023


സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍, വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നല്‍കും. മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ മരിച്ച മക്കള്‍ എന്നിവര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.