കരുവന്നൂർ തട്ടിപ്പ് ഏറ്റവും വലിയ കൊള്ള; ഇഡി ഹൈക്കോടതിയില്‍

 

കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സഹകരണ മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടു നൽകാനാകില്ലെന്ന് ഇഡി വ്യക്തമാക്കി. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക്‌ നൽകാൻ കോടതിക്ക്‌ ഉത്തരവിടാനാകില്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ ഇഡി ചൂണ്ടിക്കാട്ടുന്നു. പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാ‍ഞ്ച് നൽകിയ ഹർജി തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.

സഹകരണ മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2012 മുതലാണ് ഒട്ടേറെ രാഷ്ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ബാങ്കിലെ ജീവനക്കാരും കൈകോർത്ത് കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയത്. നിയമങ്ങൾ കാറ്റിൽപ്പറത്തി 2012 മുതൽ 2019 വരെ ഒട്ടേറെപ്പേർക്ക് നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. ഒമ്പതാം പ്രതി പി.പി. കിരൺ അടക്കം 51 പേർക്കാണ് 24.56 കോടി രൂപ നിയമവിരുദ്ധമായ വായ്പയായി അനുവദിച്ചത്. ഈ തുകയിപ്പോൾ പലിശയടക്കം 48 കോടിരൂപയായി. 2021 ജൂലൈ 21-നാണ് ക്രൈം ബ്രൈഞ്ച് അന്വേഷണം തുടങ്ങി‌യത്. ഇഡി അന്വേഷണം തുടങ്ങിയത് 2022 ഓഗസ്റ്റ് 10-നാണ്. രേഖകൾ പിടിച്ചെടുത്തത് 2022 ഓഗസ്റ്റ് 20-നും. ക്രൈം ബ്രാഞ്ച് ശരിയായ അന്വേഷണമാണ് നടത്തിയതെങ്കിൽ നേരത്തേതന്നെ രേഖകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്നു. അതിനാൽ പോലീസിന് രേഖകൾ വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രൈം ബ്രാഞ്ചിന്‍റെ ഹർജി ജൂൺ 19-ന് ഹൈക്കോടതി പരിഗണിക്കും.

Comments (0)
Add Comment