കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍

Jaihind Webdesk
Sunday, September 19, 2021

തൃശൂർ : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ സമരം ചെയ്തിരുന്ന മുൻ സിപിഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഎമ്മിന്‍റെ പ്രാദേശിക നേതാവും ബ്രാഞ്ച്  സെക്രട്ടറിയുമായിരുന്ന സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടിയിലുള്ളവരുടെ പങ്ക് ചൂണ്ടിക്കാട്ടിയതിനാണ് സുജേഷിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായതെന്ന് സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സുജേഷ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സിപിഎം ബ്രാഞ്ച് യോഗത്തിലുള്‍പ്പെടെ തട്ടിപ്പില്‍ പാര്‍ട്ടിയിലെ നേതാക്കളുടെ പങ്കിനെപ്പറ്റി സുജേഷ് തുറന്നടിച്ചിരുന്നു. ബാങ്കിൽ നിന്ന് 50 ലക്ഷത്തിൽ കൂടുതൽ വായ്പ എടുത്തവരിൽ പാർട്ടി അംഗങ്ങൾ ഉണ്ട് എന്നതിന്‍റെ തെളിവുകളും സുജേഷ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടിയില്‍ ഒറ്റപ്പെട്ട സുജേഷിനെതിരെ നടപടിയും ഉണ്ടായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു സിപിഎം ഇതിന് മറുപടി നല്‍കിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുജേഷ് സമരരംഗത്തുണ്ടായിരുന്നു. സുജേഷിന് സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഭീഷണികൾ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുജേഷിന്‍റെ തിരോധാനത്തില്‍ സംശയം ഉയരുന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.