കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ കളത്തിലിറങ്ങി ഇഡിയും : സോഫ്റ്റ്‌വെയറിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും

Jaihind Webdesk
Wednesday, July 28, 2021

തൃശൂർ : കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിൽ ബാങ്കിന്‍റെ സോഫ്റ്റ്‌വെയറിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. അതിനിടെ കേസിൽ അന്വേഷണം നടത്തുന്ന ഇഡി ഉദ്യോഗസ്ഥർ ബാങ്കിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

ബാങ്കിന്‍റെ ആഭ്യന്തര സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. വിരമിച്ച ജീവനക്കാരുടെ യൂസർ ഐഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധരുടെ സഹായത്തോടെ സോഫ്റ്റ്‌വെയർ പരിശോധിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. അതേസമയം പ്രതികളുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വീടുകളിൽ നിന്ന് കണ്ടെത്തിയ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൂടുതലും ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിസോർട്ടിൽ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്.

അതിനിടെയാണ് കരുവന്നൂരിൽ ഇഡിയും പിടി മുറുക്കുന്നത്. ഇഡി ഉദ്യോഗസ്ഥർ കരുവന്നൂർ ബാങ്കിലെത്തി പ്രാഥമിക അന്വേഷണം നടത്തി. വായ്പാ-നിക്ഷേപ രേഖകൾ ഹാജരാക്കാൻ ബാങ്കിന് നിർദേശവും നൽകി. ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന സൂചനയാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് വഴി വെച്ചത്. കേസുമായി ബന്ധപ്പെട്ട് നിവിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുള്ളവരെ ഇഡിയും പ്രതിചേർത്തേക്കും. കുറ്റകൃത്യത്തിന്‍റെ ഭാഗമായ പണസമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്‍റെ പരിധിയിൽ വരും.