കരുവന്നൂരില്‍ പ്രതിരോധത്തിലായി സിപിഎം ; ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ചേരും

Jaihind Webdesk
Sunday, July 25, 2021

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്  യോഗം ഇന്ന് ചേരും. സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് അടിയന്തര യോഗം ചേരുന്നത്. തട്ടിപ്പില്‍ പ്രതികളായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

കരുവന്നൂർ വിഷയത്തിൽ സിപിഎം നേതൃത്വം തീർത്തും പ്രതിരോധത്തിലാണ്. വിഷയം കൈകാര്യം ചെയ്തതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാകുന്നു. സിപിഎം സംസ്ഥാന നേതൃത്വവും അതൃപ്തരാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം വിളിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയത്. സംസ്ഥാന കമ്മിറ്റി പ്രതിനിധി യോഗത്തിൽ പങ്കെടുക്കും.

ഒന്നാം പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതിയായ മാനേജർ എം.കെ. ബിജു പൊറത്തിശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടന്‍റ്  സി.കെ ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമായി തുടരുന്നു. ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് രണ്ട് വർഷം മുൻപ് തന്നെ ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. പാർട്ടി അംഗം തന്നെ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല.

രണ്ടാമത് ലഭിച്ച പരാതിയിലാണ് പി.കെ.ബിജുവും പി.കെ.ഷാജനും അടങ്ങിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇവർ പാർട്ടി അംഗങ്ങളെ വെള്ള പൂശുന്ന ഒരു റിപ്പോർട്ട് നൽകി കൈ കഴുകി. ഈ രീതിയിൽ സി പി എം നേതൃത്വം മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്.