കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീനെ ഇ.ഡി പ്രതി ചേർത്തേക്കും;15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി. മൊയ്തീനെ ഇ.ഡി പ്രതി ചേർത്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് ഉടൻ നോട്ടീസ് നൽകും. ബിനാമികളെന്ന് സംശയിക്കുന്നവരുടെ ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കും. അതിനിടെ കേസിൽ 15 കോടി രൂപ മൂല്യമുള്ള 36 വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി.

മഹാരാഷ്ട്ര സ്വദേശി അനിൽ സേഠ്, കണ്ണൂർ സ്വദേശി സതീശൻ എന്നിവർ എ.സി മൊയ്തീന്‍റെ  ബിനാമികളാണെന്നാണ് ആരോപണം. ഇവർ രണ്ടു പേരും കോടികളാണ് ബാങ്കിൽ നിന്ന് കടത്തിയത്. വായ്പ, ചിട്ടി പദ്ധതികളിലൂടെയായിരുന്നു തട്ടിപ്പ്. ബാങ്ക് നടത്തിയിരുന്ന ചിട്ടിയിൽ അനിൽ സേഠ് നൂറിലേറെ നറുക്കുകൾ ചേർന്നിരുന്നു. ചിട്ടി
വിളിച്ചെടുക്കുകയും ചെയ്തു. പല ആധാരങ്ങൾ ഈടു വെച്ച് കോടി കണക്കിന് രൂപ കടമെടുത്തിട്ടുമുണ്ട്. ഇതിന് മൊയ്തീൻ സഹായിച്ചോ എന്ന് ഇ.ഡി പരിശോധിക്കുന്നു. അനിലിനെ അറിയില്ലെന്നാണ് മൊയ്തീൻ ഇ.ഡി സംഘത്തെ അറിയിച്ചത്. എന്നാൽ അനിലിനെയും സതീശനെയും ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീൻ ആണെന്നാണ് ലഭിക്കുന്ന വിവരം. പണം പലിശയ്ക്ക് നൽകുന്ന സതീശനുമായി പരിചയമുണ്ടെന്ന് മൊയ്തീൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ സാമ്പത്തിക ഇടപാടില്ലെന്നാണ് അവകാശപ്പടുന്നത്. സതീശന് കണ്ണൂരിലെ സി പി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഒരു പ്രമുഖ നേതാവ് സതീശന്റെ വീട്ടിൽ എത്തിയിരുന്നു എന്ന വിവരവും ഇഡി പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് സി പി എം കേന്ദ്രങ്ങൾ .

 

Comments (0)
Add Comment