കരുവന്നൂർ ബാങ്ക് തട്ടിപ്പ് : തെളിവുണ്ടായിട്ടും സിപിഎം നേതാക്കൾ ഉൾപ്പെട്ട മുൻ ഭരണ സമിതിയെ പൊലീസ് തൊടുന്നില്ല

തൃശൂർ : കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എം നേതാക്കൾ ഉൾപ്പെട്ട മുൻ ഭരണ സമിതിയെ തൊടാതെ പൊലീസ്. തട്ടിപ്പിൽ പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമായിട്ടും മുൻ ഭരണ സമിതിയെ പ്രതി ചേർക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അതേസമയം കേസിൽ പ്രതികളായ ഒരു ഇടനിലക്കാരനും രണ്ട് മുൻ ഉദ്യോഗസ്ഥരും ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ 14 നാണ് ഇരിങ്ങാലക്കുട പൊലീസ് കരുവന്നൂർ തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തത്. 6 പേരെ പ്രതി ചേർക്കുകയും തട്ടിപ്പ് രേഖകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി. കഴിഞ്ഞ 21 ന് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ബാങ്കിലെ ജീവനക്കാരും ഇടനിലക്കാരനും അടക്കം 6 പേരെ പ്രതി ചേർത്തതിൽ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും കോടതി തള്ളുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ബാങ്കിൽ നടന്ന തടിപ്പുകൾക്ക് പിന്നിൽ ഭരണ സമിതിയാണെന്ന് പിടിയിലായവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. കോടതിയിലും ഇവർ ഇക്കാര്യം വ്യക്തമാക്കി.

ഇതോടെ സി പി എം നേതാക്കൾ അടങ്ങുന്ന ഭരണ സമിതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ ഇതുവരെ നടപടി എടുത്തിട്ടില്ല. ശക്തമായ രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് അന്വേഷണ സംഘം മടിച്ചു നിൽക്കുന്നത്. ഭരണ സമിതിയിൽ ഉണ്ടായിരുന്നവരെ പ്രതി ചേർത്ത് നടപടികൾ മുന്നോട്ട് നീങ്ങിയാൽ സി പി എം ജില്ലാ നേതൃത്വത്തിലെ പല പ്രമുഖരും മറുപടി പറയേണ്ടി വരും. ഇക്കാരണത്താൽ ക്രൈംബ്രാഞ്ച് സംഘവും മെല്ലെപ്പോക്ക് തുടരുകയാണ്.

Comments (0)
Add Comment