കരുവന്നൂർ ബാങ്ക് തട്ടിപ്പ് : നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ ? ; സർക്കാരിനോട് ചോദ്യങ്ങളുയർത്തി ഹൈക്കോടതി

Jaihind Webdesk
Wednesday, August 25, 2021

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിബിഐക്കും ഇഡിക്കും നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്ന സംഭവത്തില്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതിയുടെ ചോദ്യം. കേസിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണവുമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്ക് നോട്ടീസയയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.