കാരുണ്യ പദ്ധതി നീട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. അടുത്ത മാര്‍ച്ച് 31 വരെ പദ്ധതി തുടരുമെന്ന മന്ത്രി കെ.കെ ശൈലജയുടെ പ്രഖ്യാപനം തള്ളിക്കൊണ്ടാണ് തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും തോമസ് ഐസക് അറിയിച്ചു.
ജൂണ്‍ 30നാണ് കാരുണ്യ ബെനവലന്‍റ് പദ്ധതി നിർത്തലാക്കിയത്. ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ആശ്രയമായിരുന്ന പദ്ധതി നിര്‍ത്തലാക്കിയതോടെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നല്‍കിയ വിശദീകരണത്തില്‍ കാരുണ്യ ചികിത്സാ പദ്ധതി അടുത്ത മാര്‍ച്ച് 31 വരെ തുടരുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയിലെത്തിയെന്നും ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പാടേ തള്ളിക്കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് പദ്ധതി തുടരാനാവില്ലെന്ന് വ്യക്തമാക്കിയത്.