കർഷക കടങ്ങളുടെ ജപ്തി നടപടികള്‍ നിർത്തിവയ്ക്കണം, പലിശ ഒഴിവാക്കി വായ്പകള്‍ പുനക്രമീകരിക്കണം : കർഷക കോൺഗ്രസ്

Jaihind Webdesk
Friday, April 1, 2022

കർഷകരുടെ കടങ്ങളുടെ ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡിന്‍റെ ആഘാതവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കർഷകരുടെ ജീവിതം ദുരിതത്തിലെന്ന് കർഷക കോൺഗ്രസ്. ജപ്തി നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി.

കൊവിഡിന്‍റെ ആഘാതവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കേരളത്തിലെ കർഷകർ ദുരിതത്തിലാണ്.ഈ സാഹചര്യത്തിൽ കർഷകർക്ക് എതിരായ ബാങ്കുകളുടെ ജപ്തി നടപടി നിർത്തിവെക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ബാങ്ക് ജപ്തി നടപടികൾ നിർത്തിവെക്കുക, പലിശ ഒഴിവാക്കി ലോണുകൾ പുനഃക്രമീകരിക്കുക, ഭൂനികുതി കുത്തനെ കൂട്ടിയത് ഇല്ലാതാക്കുക,

കശുവണ്ടിയുടെ സംഭരണ വില 150 രൂപയായി വർദ്ധിപ്പിക്കുക, നാളികേര സംഭരണ പേര് പറഞ്ഞു കർഷകരെ വഞ്ചിക്കുന്നത് അവസാനിപ്പിക്കുക, റബ്ബറിന് 250 രൂപ താങ്ങുവില നിശ്ചയിച്ച സബ്സിഡി അനുവദിക്കുക, വന്യമൃഗങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് ധർണ ഉദ്ഘാടനം ചെയ്തു.
ജപ്തി നടപടികൾ നിർത്തിവെച്ച് പലിശ ഒഴിവാക്കി വായ്പകൾ പുനക്രമീകരിക്കാൻ ആവശ്യമായ നിർദ്ദേശം സർക്കാർ നൽകണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻറ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സി വിജയൻ ,എ ഡി സാബൂസ്,ടി ഒ മാത്യു, തുടങ്ങിയവർ സംസാരിച്ചു.