ഒമിക്രോണ്‍: കർണാടകയിൽ 28 മുതല്‍ രാത്രി കർഫ്യൂ; പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം

Jaihind Webdesk
Sunday, December 26, 2021

ബംഗളുരു: ഒമിക്രോണ്‍ വ്യാപന  സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. ഈ മാസം 28 മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. 28 മുതല്‍ 10 ദിവസത്തേക്കാണ് നിലവില്‍ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാകും നിയന്ത്രണമെന്ന്  ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.  സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നിരുന്നു.  കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ  വ്യാപനവും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. രാത്രി കർഫ്യൂവിന് പുറമെ പുതുവത്സരാഘോഷങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരത്തിന് പൊതുസ്ഥലങ്ങളില്‍ ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങളോ കൂട്ടംചേരലുകളോ അനുവദിക്കില്ല.   ഹോട്ടലുകൾ, പബ്ബുകൾ, റസ്റ്ററന്‍റുകൾ തുടങ്ങിയ ഇടങ്ങളിൽ 50 ശതമാനം ആളുകൾക്കായിരിക്കും പ്രവേശനം.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുകയാണ്. കർണാടകയില്‍ 31 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 424 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ്. കേരളത്തിലും ഒമിക്രോണ്‍ കേസുകളുടെ എണ്ണം വർധിക്കുകയാണ്.