ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരി

Jaihind Webdesk
Wednesday, December 19, 2018

കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്നു പോലീസ്. ക്ഷേത്രത്തിലെ പൂജാരി താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നു പോലീസിനോടു സമ്മതിച്ചു. ക്ഷേത്ര ഭരണസമിതിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്.

ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് പോലീസിന്റെ പിടിയിലായത്. പ്രസാദമായി നല്‍കുന്ന ഭക്ഷ്യവസ്തുവില്‍ ഇയാള്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. സുള്‍വാഡി സ്വദേശിയാണ് ദൊഡ്ഡയ്യ. ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഹിമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയെന്ന് ദൊഡ്ഡയ്യ പോലീസിനു മൊഴി നല്‍കി. കുറ്റകൃത്യം നടത്തുന്നതിനായി ഹിമ്മാഡി ദൊഡ്ഡയ്യയെ വാടകയ്‌ക്കെടുക്കുകയായിരുന്നു.

ട്രസ്റ്റിലെ എതിര്‍വിഭാഗത്തെ അധിക്ഷേപിക്കുന്നതിനായായിരുന്നു വിഷം കലര്‍ത്തല്‍ പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഏഴു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.