അതിഥി തൊഴിലാളികളുടെ യാത്രാചെലവ് ഏറ്റെടുത്ത് കര്‍ണാടക പിസിസി; 1 കോടി രൂപ കര്‍ണാടക ആര്‍ടിസിക്ക് കൈമാറി

Jaihind News Bureau
Sunday, May 3, 2020

 

സ്വദേശത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. തൊഴിലാളികളെ സഹായിക്കാനും യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനുമായി കെപിസിസിയില്‍ നിന്നും 1 കോടി രൂപയുടെ ചെക്ക് കര്‍ണാടക  ആര്‍ടിസിക്ക് കൈമാറി. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആവശ്യങ്ങളുണ്ടെങ്കില്‍ തങ്ങളെ അറിയിക്കണമെന്നും പിസിസി അത് നിറവേറ്റുമെന്നും പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

മടങ്ങിപ്പോകുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാത്രാക്കൂലി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക് ഖാര്‍ഗെ, സലീം അഹമ്മദ് എന്നിവരോടൊപ്പം അദ്ദേഹം ബസ് സ്റ്റാന്‍ഡിലെത്തി തൊഴിലാളികളെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി രംഗത്തെത്തിയത്.