മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജിക്ക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്സാലോജികിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തതയില്ലെന്നും ഇത് നിയമപരമല്ലെന്നും ദത്തർ വാദിച്ചിരുന്നു.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്‍റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കിയത്. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സിഎംആർഎൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറിയെന്ന് ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്‍റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.