കടുപ്പിച്ച് കർണാടക; കേരള അതിർത്തിയിലെ വഴികള്‍ അടയ്ക്കുന്നു; കർശന പരിശോധന

Jaihind Webdesk
Friday, August 6, 2021

ബംഗളുരു : അതിർത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി കർണാടക. കേരള-കർണാടക അതിർത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. അതിർത്തി പ്രദേശത്തെ വഴികള്‍ മണ്ണിട്ട് അടച്ചും കുഴികള്‍ കുഴിച്ചും തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.  കേരളത്തില്‍ നിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെങ്കിലും അതിർത്തിയോടടുത്തുള്ളവര്‍ കാല്‍നടയായും ബൈക്ക് മാർഗവും സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാനാണ് പുതിയ നീക്കം.

കേരളത്തില്‍ നിന്നുള്ളവര്‍ കടക്കുന്നത് നിരീക്ഷിക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും.

അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അതിർത്തി ജില്ലകളിൽ ശനിയും ഞയറാഴ്ചയും പൂർണ്ണ കർഫ്യൂ ആയിരിക്കും. രാത്രി 10 മണി മുതൽ 6 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. കൊവിഡ് മൂന്നാം തരംഗവും കേരളത്തിലെ കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങള്‍.

*File Pic