കർണാടകയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനിടെ ബി.ജെ.പി എം.എൽ.എ അക്രമിച്ചുവെന്ന് പരാതിയുമായി വനിതാ കൗൺസിലർ. തെർദലിലെ ബിജെ.പി എംഎൽഎ സിദ്ധു സാവദി തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ഇതേത്തുടർന്ന് തന്‍റെ ഗര്‍ഭം അലസിയെന്നുമാണ് കൗൺസിലർ ചാന്ദ്നി നായിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ചാന്ദ്നിയടക്കമുള്ള സ്ത്രീകള്‍ മത്സരത്തിനൊരുങ്ങിയതാണ് എം.എല്‍.എയെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് ഈ സ്ത്രീകളെ തടയുകയായിരുന്നു എം.എല്‍.എയുടെയും കൂട്ടാളികളുടെയും ശ്രമം.
നവംബർ ഒൻപതിനായിരുന്നു സംഭവം. ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മര്‍ദ്ദനമുണ്ടായതെന്നാണ് കൌണ്‍സിലറുടെ പരാതി. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി, മഹാലിംഗപുരത്തെ മുനിസിപ്പൽ കൗൺസിൽ ബിൽഡിംഗിലെത്തിയ ചാന്ദ്നിയടക്കമുള്ള കൗൺസിലർമാരെ എം.എൽ.എയും സംഘവും മര്‍ദ്ദിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അന്നുതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
BJP MLA Siddu Savadi and his supporters caught in video pushing a woman and assaulting her. The Incident was reported on Wednesday pic.twitter.com/Gc8YBXvbfn
— Soumya Chatterjee (@Csoumya21) November 12, 2020
തന്‍റെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അവരെ എം.എല്‍.എയും കൂട്ടാളികളും മര്‍ദ്ദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തുവെന്ന് ചാന്ദ്നിയുടെ ഭര്‍ത്താവ് നാഗേഷ് പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു.