കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍

അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച 10 മണിക്ക് വീണ്ടും സഭ ചേരും. ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ കെ.ആര്‍ രമേഷ്കുമാര്‍ നിര്‍ദേശിച്ചു.

സുപ്രീം കോടതി വിധി വരുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന വാദം ഉന്നയിച്ചു. വിശ്വാസപ്രമേയത്തിലെ ചര്‍ച്ച പൂര്‍ത്തിയായ ശേഷം മാത്രം വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തുടർന്ന് നാളെ ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടർന്ന് 12 മണി വരെ നീണ്ട സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതിനിടെ കുമാരസ്വാമി രാജിവെച്ചു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ കത്ത് പ്രചരിച്ചു. വ്യാജ കത്തിന്‍റെ പകര്‍പ്പ്  കുമാരസ്വാമി സഭയില്‍ കാണിച്ചു. ഇത് വളരെ തരംതാണ പ്രവൃത്തിയാണെന്നും മുഖ്യമന്ത്രിയാകാന്‍ ആരാണ് ഇത്ര തിടുക്കംകൊള്ളുന്നതെന്നും കുമാരസ്വാമി സഭയില്‍ ചോദിച്ചു.

കര്‍ണാടകയില്‍ സ്വതന്ത്ര എം.എൽ.എമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരാന്‍ ഇന്ന് തീരുമാനിച്ചു. വിമതരുടെ വിപ്പിന്‍റെ കാര്യത്തില്‍ വ്യക്തത തേടിയാണ് കക്ഷി ചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബലും സ്പീക്കര്‍ക്കുവേണ്ടി അഭിഷേക് മനു സിംഗ്‌വിയും ഹാജരാകും.

karnataka
Comments (0)
Add Comment