കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആശങ്ക, വലിയ വിജയം നേടാതെ ഭരണം തുടരാനാകില്ല

Jaihind Webdesk
Saturday, September 21, 2019

yeddyurappa

ബംഗളൂരു: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ കര്‍ണാടകയിലും രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. സംസ്ഥാനത്തെ 15 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങളെ പാര്‍ട്ടി മാറ്റിയും രാജിവെപ്പിച്ചും ജനാധിപത്യത്തെ വെല്ലുവിളിച്ച ബി.ജെ.പി. മനപ്പൂര്‍വ്വം വരുത്തിവെച്ച ഒരു ബാധ്യതയായാണ് ഈ ഉപതെരഞ്ഞെടുപ്പിനെ കരുതുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് യെഡ്യൂരപ്പ സര്‍ക്കാറിന്റെ ഭാവികൂടിയായിരിക്കും തീരുമാനിക്കുക.

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് കൂട്ടുസര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ കാരണമായ രാജിവച്ച വിമത എം.എല്‍.എമാരുടെ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്നത് ബി.ജെ.പി സംബന്ധിച്ച് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ യെഡ്യൂരപ്പ സര്‍ക്കാറിന് ഭരണത്തില്‍ തുടരണമെങ്കില്‍ ഇതിലെ ആറ് സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ സീറ്റുകളെല്ലാം കോണ്‍ഗ്രസ് ജെഡിഎസ് സിറ്റിങ്ങ് സീറ്റുകളാണെന്നുള്ളതും ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനത്ത് പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന 17 സീറ്റുകളുടെ പശ്ചാത്തലത്തിലാണ് 105 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 66, ജെഡിഎസിന്റെ 34, ബി.എസ്.പി 1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷി നില. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയം കണ്ടാല്‍ ബിജെപിക്ക് സംസ്ഥാനത്തെ അധികാരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങും എന്നത് വ്യക്തമാണ്.

ഇതിനെല്ലാം പുറമെയാണ് വിമത എംഎല്‍എമാരെ സ്ഥാനത്ത് അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടിക്കെതിരെ നിയമ പോരാട്ടം. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത് എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആകെ 17 മണ്ഡലങ്ങളിലെ എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയതെങ്കിലും ഇതില്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.