ഇന്ന് കർക്കിടക വാവ്; പിതൃസ്മരണയില്‍ ബലിതർപ്പണ ചടങ്ങുകള്‍

 

തിരുവനന്തപുരം: ഇന്ന് കർക്കിടകത്തിലെ കറുത്തവാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തുന്നു. ഈ ദിവസം ബലി ഇട്ടാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അതേസമയം അമാവാസി രണ്ടു ദിവസങ്ങളിലായതിനാൽ ചിലയിടങ്ങളിൽ ഞായറാഴ്ചയും വാവുബലി ആചരിക്കും. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ ശിവക്ഷേത്രം, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം എന്നിവിടങ്ങളിലായി 500 ജീവനക്കാരെയും 600 താൽക്കാലിക ജീവനക്കാരെയും നിയോഗിച്ചു. 260 പുരോഹിതന്മാർ ഇവിടെ നേതൃത്വം നൽകും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. ഗതാഗതം, പാർക്കിംഗ് എന്നിവയ്ക്കായി പോലീസ് ഉൾപ്പെടെ വകുപ്പുകളുമായും കെഎസ്ആർടിസിയുമായും സഹകരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ശംഖുംമുഖത്ത്‌ പതിനായിരത്തിലധികം പേർക്ക് ബലിതർപ്പണം നടത്താം. ഒരേസമയം രണ്ട്‌ പന്തലുകളിലായി 300 പേർക്കുവീതം സൗകര്യമുണ്ട്. വർക്കല പാപനാശം തീരം, തിരുവല്ലം പരശുരാമ ക്ഷേത്രം, കുറ്റിയാണിക്കാട്‌, പൊഴിയല്ലൂർ ക്ഷേത്രങ്ങൾ, പേരൂർക്കട കുടപ്പനക്കുന്ന് കുശവർക്കൽ ദേവീക്ഷേത്രം, തുമ്പ ആറാട്ടുവഴി കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര ഗണപതിക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. സുരക്ഷയ്ക്കായി ശംഖുംമുഖം തീരത്ത് സ്‌കൂബ ഡൈവേഴ്സുണ്ട്.

Comments (0)
Add Comment