ആയങ്കിയെ കസ്റ്റഡിയില്‍ വേണം ; നിർണായക തെളിവുകള്‍ ലഭിച്ചെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍

Jaihind Webdesk
Tuesday, July 13, 2021


കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇരുവരേയും ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറയുന്നു.

അര്‍ജുന്‍ ആയങ്കിയെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ ആവശ്യം നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

റെയ്ഡില്‍ മുഹമ്മദ് ഷാഫിയുടെ ഒരു ഡയറിയും അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ സൂക്ഷിച്ചിരുന്ന ഒരു ഡയറിയും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് പരിശോധിച്ചതില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്.

കസ്റ്റംസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ചോദ്യം ചെയ്യുന്നതിനായി മുഹമ്മദ് ഷാഫിയേയും ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സ്വദേശി അജ്മലും സുഹൃത്തുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലായത്.