പ്രവർത്തകർക്കും നേതാക്കള്‍ക്കും മാഫിയ ബന്ധം : പ്രതിരോധത്തില്‍ സിപിഎം ; പ്രശ്നക്കാരെ പുറത്താക്കി തടിയൂരാന്‍ നീക്കം

Jaihind Webdesk
Sunday, June 27, 2021

തിരുവനന്തപുരം : പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മാഫിയ ബന്ധങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയതോടെ പ്രശ്‌നക്കാരെ പുറത്താക്കി തടിയൂരാന്‍ സിപിഎം. ക്വട്ടേഷന്‍ ബന്ധമുളള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തി പിന്തിരിപ്പിക്കാനും പിന്തിരിഞ്ഞില്ലെങ്കില്‍ പുറത്താക്കാനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗം തീരുമാനമെടുത്തു.

രാമനാട്ടുകരയിലെ അപകടമരണത്തോടെ പുറത്തുവന്ന സ്വർണക്കള്ളക്കടത്തിലെ മുഖ്യകണ്ണിയായ അർജുൻ ആയങ്കി ആ ദിവസം കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ അർജുൻ പാർട്ടി വൊളന്റിയറായിരുന്നതിന്റെ തെളിവും വെളിപ്പെട്ടതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും പാർട്ടി വൊളന്റിയർമാരായിരുന്നതിന്റെ തെളിവുകൾ ഇരുവരുടെയും ഫെയ്സ്ബുക് പേജുകളിലുണ്ട്.

അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ റജിസ്റ്റേഡ് ഉടമയായ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷിനെ പാർട്ടി നിർദേശ പ്രകാരം ഡിവൈഎഫ്ഐ പുറത്താക്കി. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള മുഴുവൻ പാർട്ടിക്കാരെയും കണ്ടെത്തി നടപടിയെടുക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ക്വട്ടേഷൻ സംഘവുമായി ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് അണികൾക്കു കർശന നിർദേശം നൽകാനും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

അതേസമയം അര്‍ജുന്‍ ആയങ്കി നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം ഒരുക്കിയെന്നും സൂചന. സ്വർണ്ണക്കടത്തിനും കുഴൽപ്പണം തട്ടിയെടുക്കാനും അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമൊപ്പം പരോളിൽ ഇറങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളും കൂട്ടുനിന്നതായും സൂചനയുണ്ട്.

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ് അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. 12 തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിയെയുത്ത സംഭവത്തിൽ ടി.പി വധക്കേസിലെ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അർജുൻ ആയങ്കിയുടെ മൊഴി എടുത്ത ശേഷം മാത്രമേ ഇത് സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുകയുള്ളു.