കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് ; 5 ലക്ഷം പിടികൂടി

Jaihind News Bureau
Wednesday, January 13, 2021

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ  റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ  വീട്ടിൽ നിന്നും 5 ലക്ഷം രൂപ പിടികൂടി. വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ  ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി.

11 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. കസ്റ്റംസ് ഓഫീസർമാരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് 25 മണിക്കൂർ നീണ്ടു നിന്ന് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. കസ്റ്റംസിന്‍റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണം സി.ബി.ഐ പിടിച്ചെടുത്തു. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു.

യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

നേരത്തെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാത്തതാണ് സ്വർണകടത്ത് മാഫിയക്ക് ഒത്താശ ചെയ്യാൻ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ധൈര്യം പകരുന്നത്. സ്വർണകടത്ത് മാഫിയക്ക് കേന്ദ്ര സർക്കാരിലും വിവിധ കേന്ദ്ര ഏജൻസികളിലുമുള്ള സ്വാധീനമാണ് ഇവർക്ക് നേരെ നടപടി എടുക്കാത്തത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണകടത്ത് വ്യാപകമാവുന്നതിൽ കേന്ദ്ര സർക്കാരിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്.