കരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി; വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു

webdesk
Thursday, January 17, 2019

കൊച്ചി: കൊടുവള്ളി തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ ജയമാണ് റദ്ദാക്കിയത്. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതിനുവേണ്ടിയാണ് ഈ സാവകാശം അനുവദിച്ചത്. അതുവരെ ആനുകൂല്യം സ്വീകരിക്കുന്നതിനോ വോട്ട് രേഖപ്പെടുത്തുന്നതിനോ സാധിക്കില്ല.
എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയ സി.ഡി വിതരണം ചെയ്തതിനാണ് നടപടി. എതിര്‍ സ്ഥാനാര്‍ത്ഥി എം.എ. റസാഖ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന തരത്തിലുള്ള സി.ഡിയാണ് പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. വോട്ടറായ കെ.പി. മുഹമ്മദിന്റെ പരാതിയിലാണ് നടപടി. തെറ്റായ വീഡിയോ പ്രചരിപ്പിച്ചാണ് വോട്ടുകള്‍ നേടിയതെന്ന് കോടതിക്ക് ബോധ്യമായതിനെത്തുടര്‍ന്നാണ് വിജയം റദ്ദാക്കല്‍. ജനപ്രാതിനിധ്യ വകുപ്പിലെ നിയമങ്ങള്‍ പരിഗണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്നത് അഴിമതിയുടെ പരിധിയില്‍ ഉള്‍പ്പെടും. അതുപരിഗണിച്ചാണ് കോടതിയുടെ വിധി.