കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്‍ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് വിട്ടയച്ചത്. ഫൈസലിന് ക്ലീന്‍ ചിറ്റ് നല്‍കിട്ടിയില്ലെന്നും കസ്റ്റംസ് വൃത്തങ്ങള് അറിയിച്ചു.
കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിൽ റെയ്ഡ് നടത്തി രാവിലെയോടെയാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. ഉച്ചയോടെ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത് 24 മണിക്കൂറിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥരും കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഇതു കൂടാതെ കേസിലെ രണ്ടും മൂന്നും പ്രതികളായ സ്വപ്നയും കെ.ടി. റമീസും ഫൈസലിനെതിരെ മൊഴി നൽകിയിട്ടുണ്ട്.
ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു സന്ദീപിന്റെ ഭാര്യ നൽകിയ മൊഴി. കോഴിക്കോട് കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ പ്രമുഖ നേതാവാണ് കാരാട്ട് ഫൈസല്‍. കൂടാതെ സി.പി.എമ്മിന്‍റെ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമാണ് ഫൈസലിനുള്ളത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം എം.എൽ.എ പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഫൈസൽ. കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ഫൈസൽ അറിയപ്പെടുന്നത്. നേരത്തെ നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. 2013 ൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ 2017ൽ ഇയാൾ കസ്റ്റംസിന് 38 ലക്ഷം രൂപ പിഴ അടച്ചിരുന്നു.