കാരാട്ട് ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം ; ഇടതുമുന്നണിയിൽ പ്രതിഷേധം ശക്തം

 

കോഴിക്കോട് : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെതിരെ ഇടതുമുന്നണിയിൽ പ്രതിഷേധം ശക്തം. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലാണ് കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത്. സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗവും ഘടകകക്ഷികളും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പങ്കില്ലെന്ന് സർക്കാറും ഇടതുമുന്നണിയും ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും കേസിൽ കസ്റ്റംസ് ചോദ്യംചെയ്ത കാരാട്ട് ഫൈസൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ മത്സരിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫൈസൽ മത്സരിക്കുന്നത്. കാരാട്ട് റസാഖ് എംഎൽഎയുടെ വിശ്വസ്തനായ കാരാട്ട് ഫൈസലിന് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കാരാട്ട് റസാഖ് ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു പി ടി എ റഹീം ഫൈസലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ 1.84 കോടി രൂപയുടെ സ്വർണ്ണം പിടികൂടിയ കേസിലെ പ്രതി കൂടിയാണ് ഫൈസൽ. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് പല ഘട്ടങ്ങളിലും ആരോപണമുയർന്നിരുന്നു. കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്രയ്ക്ക് സഞ്ചരിച്ച മിനി കൂപ്പർ ഫൈസലിന്‍റേതായിരുന്നു. ഈ വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് വീണ്ടും കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്വതന്ത്രനായി കാരാട്ട് ഫൈസലിനെ പിടിഎ റഹീം എംഎൽഎ പ്രഖ്യാപിച്ചത്. ഇത് ഇടതുമുന്നണിയിൽ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് ഫൈസലിനെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അതൃപ്തിയുണ്ട്. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും ഇതിനെതിരെ കടുത്ത നിലപാട് എടുത്തിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ ഈ സ്ഥാനാർഥി പ്രഖ്യാപനം ഇടതുമുന്നണിയിൽ ഒരു വലിയ പൊട്ടിത്തെറി ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.

Comments (0)
Add Comment