കര്‍ണാടക ബി.ജെ.പിയില്‍ കലാപം; യെദ്യൂരപ്പയ്ക്ക് മൂന്ന് ഉപമുഖ്യമന്ത്രിമാര്‍; മന്ത്രിമാര്‍ക്ക് വകുപ്പായില്ല; യെഡ്ഡിക്ക് അമിത് ഷായുടെ കൂച്ചുവിലങ്ങ്

Jaihind Webdesk
Monday, August 26, 2019

ബംഗളൂരു: കര്‍ണാടകയില്‍ അസ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ ഭരണം പിടിച്ചിട്ടും കലാപം ഒഴിയാതെ ബി.ജെ.പി. ബി.എസ്. യെദ്യൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെയാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത 17 മന്ത്രിമാരില്‍ ആര്‍ക്കും വകുപ്പ് നല്‍കിയിട്ടില്ല. അതിന് പുറമെയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാര്‍. ഇത് യെദ്യൂരപ്പയുടെ അപ്രമാദിത്വം ചെറുക്കുന്നതിനായുള്ള അമിത് ഷായുടെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രവര്‍ത്തി പരിചയമുള്ള നേതാക്കളെ ഒഴിവാക്കിയാണ് നേതൃത്വത്തിന്റ പുതിയ നീക്കമെന്നത് വലിയ എതിര്‍പ്പാണ്

പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കത്തില്‍ കേന്ദ്രനേതൃത്വവും യെദ്യൂരപ്പ വിഭാഗവും തൃപ്തരല്ലായെന്നത് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയും വിരളമാക്കുന്നുണ്ട്.  മന്ത്രിസഭ വികസനം നടത്തിയെങ്കിലും ഇതുവരെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. വകുപ്പ് സംബന്ധിച്ച് വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വെള്ളിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക് പുറപ്പെട്ടെങ്കിലും കാണാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു.

കര്‍ണാടകയിലെ മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സിഎന്‍ അശ്വത് നാരായണ, ബലഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിക്കുന്നത്. കര്‍ജോളിന്റെ നിയമനം നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മറ്റ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

അശ്വത് നാരായണ ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ലെന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മണ്‍ സവാദിയാകട്ടെ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. സവാദിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

എങ്ങനെയാണ് യോഗ്യരല്ലാത്ത നേതാക്കളെ ഇത്തരം ഉയര്‍ന്ന പദവികളില്‍ കേന്ദ്ര നേതൃത്വം നിയമിക്കുന്നതെന്ന് ബംഗളൂരുവില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചോദിക്കുന്നു. പാര്‍ട്ടിയോട് വിധേയത്വം കാണിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. മുന്‍ ഉപമുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ ഇകെ ഈശ്വരപ്പ, ആര്‍ അശോക എന്നിവരെ മറികടന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാറും അപമാനിക്കപ്പെട്ടെന്ന് ആവര്‍ത്തിച്ചു.

കര്‍ണാടകത്തില്‍ പ്രബലരായ മൂന്ന് സമുദായങ്ങളേയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്ര നേതൃത്വം കര്‍ണാടകയില്‍ പുറത്തെടുത്തത് എന്നാണ് കണക്കാക്കപ്പെടുന്നത്. സവാദിയയേയും അശ്വത് നാരാണയണനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രബല വിഭാഗത്തില്‍ നിന്ന് ഭാവിയിലേക്ക് പ്രധാന നേതാക്കളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇത്തരം വാദങ്ങളൊന്നും നേതാക്കളെ തണുപ്പിച്ചിട്ടില്ല. വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ യെഡിയൂരപ്പ തന്നെ പരിഹരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ യെഡ്ഡി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.