തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഇന്നോവ കാറിന്‍റെ ഡ്രൈവര്‍ അനീഷാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണ്. പ്രതിയെ ബാലരാമപുരത്ത് നിന്നാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണയെ പോലീസ് പിടികൂടിയിരുന്നു. ബാറില്‍ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. 2019-ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഇവര്‍. വിനീഷ് രാജ്, അഖിൽ, സുമേഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകിട്ട് 5.28 ഓടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയത്. ഇതിന്‍റെ നടുക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹോളോ ബ്രിക്സ് നിരവധി തവണ ശരീരത്തേക്ക് ഇടുന്നതും കാണാം.
കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ബാറിൽ വഴി അടഞ്ഞു നിന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അഖിലിന്‍റെ സംഘവും പ്രതികളും തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കാറിലെത്തിയ പ്രതികൾ അഖിലിനെ തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ അഖിലിനെ ഇന്നോവ കാറിൽ കയറ്റിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഹോളോബ്രിക്‌സ് അടക്കം അക്രമികള്‍ കാറില്‍ കരുതിയിരുന്നു. കുട്ടികളടക്കം പരിസരത്തുള്ളപ്പോഴായിരുന്നു പ്രതികള്‍ ക്രൂരകൃത്യം നടത്തിയത്.