കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മുഖ്യ പ്രതിയെ പിടികൂടാനാവാതെ പോലീസ്

 

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള  കാസറഗോഡ് കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പ്രധാന പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം. മുഖ്യ പ്രതി രതീശനെ പിടികൂടാനായി പുതിയൊരു സംഘത്തെ കൂടി ജില്ലാ പോലീസ് മേധാവി നിയോഗിച്ചു. ഈ മാസം 13 നാണ് പോലീസ് സംഭവത്തില്‍ കേസെടുത്തത്.

നേരത്തെ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി. മുഖ്യപ്രതിയായ കെ. രതീശന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.  കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ , ഏഴാംമൈൽ സ്വദേശി ഗഫൂർ ബേക്കൽ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിക്കൊണ്ട് പോയ സ്വർണ്ണം പണയം വച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.

സൊസൈറ്റി സെക്രട്ടറി രതീശൻ നടത്തിയ ബാങ്ക് ഇടപാട് പോലീസ് പരിശോധിച്ചിരുന്നു. ഇവർക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്‍റെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിരുന്നു . ഇതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ
തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും, മാനന്തവാടിയിൽ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി.

Comments (0)
Add Comment