പഴയ ഭരണ സമിതിയുടെ തെറ്റായ തീരുമാനങ്ങൾ തിരുത്തും : കണ്ണൂർ മേയർ സുമാ ബാലകൃഷ്ണൻ

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ റോഡിനും തെരുവ് വിളക്കിനും പ്രഥമ പരിഗണന നൽകുമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ. പഴയ ഭരണ സമിതിയുടെ തെറ്റായ തീരുമാനങ്ങൾ തിരുത്തും.  കണ്ണൂർ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേയർ.

കണ്ണൂർ കോർപ്പറേഷനിലെ വികസന മുരടിപ്പിന്‍റെ കാര്യം ജനങ്ങളുമായി ചർച്ച ചെയ്ത് പരിഹാരം കാണും. കഴിഞ്ഞ മൂന്നേമുക്കാൽ വർഷത്തെ കോർപ്പറേഷൻ ഭരണം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്ന് സുമ ബാലകൃഷ്ണൻ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ തകർന്ന് കിടക്കുന്ന റോഡിന്‍റെ അറ്റകുറ്റപണികൾക്കും കത്താത്ത തെരുവ് വിളക്കുകൾ കത്തിക്കാനും പ്രഥമ പരിഗണന നൽകും. കോർപ്പറേഷന്‍റെ ഭരണ ചുമതല ഏറ്റെടുത്ത ഉടൻ നഗരത്തിൽ ഓണകാലത്തുണ്ടാവുന്ന ഗതാഗത, വാഹന പാർക്കിങ്ങിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അടിയന്തര പരിഹാരം കണ്ടതായും മേയർ പറഞ്ഞു. പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ പഴയ ബസ്സ് സ്റ്റാൻഡിലും, ജവഹർ സ്റ്റേഡിയത്തിലും 3 ദിവസത്തേക്ക് സൗജന്യ പാർക്കിംഗ് അനുവദിച്ചതായും സുമാ ബാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ഭരണസമയത്തെ തെറ്റായ പല തീരുമാനങ്ങളും തിരുത്തും. കോർപ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റിയത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മേയർ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായ മുഖാമുഖം പരിപാടിയിൽ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.

 

https://youtu.be/noosG1Jt1RE

Comments (0)
Add Comment