കണ്ണൂര്‍ മേയർ സുമാ ബാലകൃഷ്ണനെ കയ്യേറ്റം ചെയ്ത സംഭവം : സി.പി.എം കൗൺസിലർമാർക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

Jaihind News Bureau
Thursday, March 5, 2020

കണ്ണൂർ : കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണനെ അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതികളായ സി.പി.എം കൗൺസിലർമാർക്ക് എതിരെ കേസെടുത്തെങ്കിലും പിന്നീട് യാതൊരു തുടർ നടപടികളും ഉണ്ടായില്ല. അക്രമികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപറേഷൻ പരിധിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്രമ വിരുദ്ധ പ്രതിഷേധ യാത്ര സംഘടിപ്പിക്കും.

കണ്ണൂർ കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണനെ കഴിഞ്ഞ മാസം പത്തൊൻപതിനാണ് സി.പി.എം കൗൺസിലർമാർ അക്രമിച്ചത്. മേയറുടെ പരാതിയിൽ എൽ.ഡി.എഫിലെ കെ പ്രമോദ്, തൈക്കണ്ടി മുരളീധരൻ, എം രാജീവൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.എന്നാൽ കേസിൽ യാതൊരു വിധ തുടർ നടപടികളും ഉണ്ടായില്ല.

മേയറെ അക്രമിച്ച സി.പി.എം കൗൺസിലർമാർക്കെതിരെ നടപടി എടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച
കണ്ണൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ  ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15, 16, 17 തീയതികളിൽ കണ്ണൂർ കോർപറേഷൻ പരിധിയിൽ അക്രമ വിരുദ്ധ പ്രതിഷേധ യാത്ര സംഘടിപ്പിക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി പ്രതിഷേധ പദയാത്ര ഉദ്ഘാടനം ചെയ്യും.