കണ്ണൂരിലും ഉരുൾപൊട്ടല്‍; മലയോര മേഖലയിൽ വൻ നാശനഷ്ടം, മാനന്തവാടി ചുരം റോഡിൽ വിള്ളൽ, ഗതാഗതം തടസപ്പെട്ടു

 

കണ്ണൂർ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കണ്ണൂരിലെ മലയോര മേഖലയിൽ വൻ നാശനഷ്ടം. വാഴമലയിൽ ഉരുൾപൊട്ടി. കണ്ണവം പുഴ കരകവിഞ്ഞ് ഒഴുകി. കണ്ണൂർ നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മലയോര മേഖലയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചു. കണ്ണവം, ടൗണിൽ ഉൾപ്പടെ വെള്ളം കയറി.

കണ്ണവം പുഴ കര കവിഞ്ഞതിനെ തുടർന്ന് 50 ഓളം വീടുകളിൽ വെള്ളം കയറി. കണ്ണവം പുഴയിലൂടെ നിരവധി വൻ മരങ്ങൾ ഉൾപ്പെടെ കുത്തി ഒഴുകി വന്നു. പുഴ കരകവിഞ്ഞതിനെ തുടർന്ന് എടയാർ, മോടോളി, ചുണ്ടയിൽ, വട്ടോളി, ചിറ്റാരിപറമ്പ്, നെടുപൊയിൽ, തൃക്കടാരി പൊയിൽ, കേളകം എന്നിവിടങ്ങളിൽ റോഡിൽ ഉൾപ്പടെ വെള്ളം കയറി. കൊട്ടിയൂർ റോഡും, ഇടുമ്പ റോഡും വെള്ളത്തിനടിയിലായി. വാഹന ഗതാഗതം തടസപ്പെട്ടു. മുപ്പതോളം വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജീവൻ രക്ഷാ ബോട്ടുകളിലാണ് ആളുകളെ മാറ്റിയത്. കോളയാട് കൂത്തുപറമ്പ് റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു. കണ്ണവം പോലീസും കൂത്തുപറമ്പ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

നീർവ്വേലിയിലും, മൊകേരിയിലും വെള്ളം കയറി. കനത്ത മഴയിൽ കണ്ണവം പുഴ കരകവിഞ്ഞതിനെ തുടർന്ന് കൂത്തുപറമ്പ് നെടുമ്പൊയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കർണാടക വനമേഖലയിൽ അതിശക്തമായ മഴയെ തുടർന്ന് ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയർന്നു. പുഴയോരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. ഉളിക്കൽ – വട്യാംന്തോട് പാലത്തിന് മുകളിൽ വെള്ളം കയറി. ഉളിക്കൽ – മണിക്കടവ് റോഡിൽ ഗതാഗതം തടസപ്പെട്ടു.കണ്ണൂർ നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.

Comments (0)
Add Comment