കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Sunday, December 9, 2018

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തതോടെ നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. വിമാനത്താവള ടെര്‍മിനലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.

അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ വായന്തോട്ടില്‍ എത്തി. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിന്റെ രാജ്യന്താര ടെര്‍മിനലില്‍ എത്തിച്ച യാത്രക്കാരെ മന്ത്രിമാരായ ഇ.പി ജയരാജനും കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വി.ഐ.പി ലോഞ്ചിന്റെ ഉദ്ഘാടനവും നടന്നു.

യാത്രാ വിമാനങ്ങളുള്‍പ്പെടെ 24 ആഗമന-നിര്‍മഗന ചാര്‍ട്ടുകളാണ് ഞായറാഴ്ചത്തെ വ്യോമഗതാഗത ഷെഡ്യൂളിലുള്ളത്. ഉദ്ഘാടന ദിവസം തന്നെ ഇത്ര സജീവമായ വ്യോമഗതാഗത ചാനല്‍ പ്രവര്‍ത്തന സജ്ജമാവുന്നത് അപൂര്‍വമാണെന്ന് എയര്‍ ട്രാഫിക് സര്‍വിസ് ചുമതലയുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങള്‍ വിശദീകരിച്ചു.