‘മുഖ്യമന്ത്രീന്‍റെ പേര് അവിടെ എത്തുമ്പോൾ മറന്നു പോവാതെ ഇരുന്നാൽ മതിയായിരുന്നു’; യാത്രയയപ്പ് വീഡിയോ ഏറ്റെടുത്ത് ട്രോളന്മാര്‍, മുഖ്യമന്ത്രിക്കെതിരെ ട്രോള്‍വര്‍ഷം

Jaihind News Bureau
Monday, May 4, 2020

 

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കണ്ണൂർ ചെമ്പിലോട് പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ് നല്‍കി പഞ്ചായത്ത് പ്രസിഡന്‍റും സി പി എം പ്രാദേശിക നേതാക്കളും .  ചെമ്പിലോട് പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.ലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ബിഹാറിലേക്ക് യാത്ര തിരിച്ച  അതിഥി തൊഴിലാളികള്‍   പങ്കെടുത്ത യോഗത്തിലെ അധികൃതരുടെ  വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വ്യാപക ട്രോളുകളാണ് വീഡിയോയ്ക്കെതിരെ പ്രചരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി ലക്ഷ്മി സര്‍ക്കാരിന്‍റെ  മികവിനെക്കുറിച്ച് മലയാളത്തില്‍ സംസാരിക്കുകയും ഉദ്യോഗസ്ഥന്‍ ഇത് ഹിന്ദിയില്‍ പരിഭാഷപ്പെടുത്തുകയുമായിരുന്നു. ‘കേരള മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് പോകാനുള്ള ട്രെയിന്‍ കിട്ടിയത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞേ..പറഞ്ഞേ..’ ഇങ്ങനെ തുടങ്ങുന്നു വാക്കുകള്‍. കേരളത്തിൽ ലോക്ക്ഡൗണിനു ശേഷം നിങ്ങൾക്കാവശ്യമുളളതെല്ലാം ഒരുക്കിതന്നത് കേരളാ ​ഗവൺമെന്‍റാണെന്നും ഇതെല്ലാം നാട്ടിൽ ചെന്ന് പറയണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അതിഥി തൊഴിലാളികളോട് ആവശ്യപ്പെടുന്നുണ്ട്.

ലോക്ഡൗൺ നിയമം ലംഘിച്ച് അതിഥി തൊഴിലാളികളുടെ യോഗം വിളിച്ച് ചേർത്ത പഞ്ചായത്ത് പ്രസിഡന്‍റിനും   സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ചെമ്പിലോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിയമ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് തന്നട കണ്ണുർ എസ്പിയ്ക്ക് പരാതി നൽകി.