K.S ബ്രൂവറി അനുമതി; പിന്നില്‍ കണ്ണൂരിലെ CPM നേതാക്കളെന്ന് ആരോപണം

കണ്ണൂരിലെ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് വാരത്തെ കെ.എസ് ഡിസ്റ്റിലറി ഉടമ ബ്രൂവറിക്ക് അനുമതി നേടിയതെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില സി.പി.എം നേതാക്കളാണ് കെ.എസ് ഡിസ്റ്റിലറി ഉടമയ്ക്ക് ബ്രൂവറി അനുമതി നൽകുന്നതിന് പിന്നിലെന്ന ആരോപണമാണ് ഉയരുന്നത്.

കണ്ണൂരിലെ സി.പി.എം നേതാക്കളുടെ കൂട്ടായ തീരുമാനത്തിലാണ് വാരത്തെ ശ്രീധരൻ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് സർക്കാർ അനുമതി നൽകിയെന്ന ആരോപണമാണ് ശക്തമാകുന്നത്. കല്ലാടൻ ശ്രീധരൻ എന്ന വ്യവസായിയും സി.പി.എം നേതാക്കളും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന വിമർശനമാണ് ഉയരുന്നത്.

https://www.youtube.com/watch?v=KXiVBnbRjH0

കല്ലാടൻ ശ്രീധരന്‍റെ ഉടമസ്ഥതയിൽ കെ.എസ് ഡിസ്റ്റിലറി വാരത്ത് പ്രവൃത്തിക്കുന്നുണ്ട്. അതേസ്ഥലത്താണ് ബ്രൂവറിക്കും അനുമതി നൽകിയിരിക്കുന്നത്. 2005 ൽ ഈ ഡിസ്റ്റിലറിയില്‍ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഒരു വർഷത്തോളം കെ.എസ് ഡിസ്റ്റിലറി അടച്ചുപൂട്ടിയിരുന്നു.

ആദ്യം സമരരംഗത്ത് ശക്തമായി നിലകൊണ്ട സി.ഐ.ടി.യു പിന്നീട് നിലപാട് മാറ്റിയതോടെ തൊഴിലാളി സമരം പരാജയപ്പെട്ടു. സി.പി.എം നേതാക്കളും കമ്പനി ഉടമയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയെ തുടർന്നാണ് അന്ന് സമരം പരാജയപ്പെട്ടത് എന്ന വിമർശനം തൊഴിലാളികൾ ഉയർത്തിയിരുന്നു. പിന്നീട് പലരും സ്വയം ജോലിയിൽ നിന്ന് ഒഴിഞ്ഞുപോവുകയാണ് ചെയ്തത്. ഇതിന് ശേഷം സി.പി.എമ്മുമായി കെ.എസ് ഡിസ്റ്റിലറി ഉടമ നല്ല ബന്ധത്തിൽ ആവുകയും ചെയ്തു.

കണ്ണൂരിലെ സി.പി.എമ്മിന്‍റെ മുതിർന്ന നേതാക്കൾ വ്യവസായിയുടെ കുടുംബവുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് ബ്രൂവറി അനുമതിക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. ജില്ലയിലെ ഒരു വിഭാഗം സി.പി.എം നേതാക്കളുടെ പിന്തുണയോടെയാണ് ബ്രൂവറിക്ക് അനുമതി നൽകിയിരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിക്കും മറ്റു ചില നേതാക്കൾക്കും ഇക്കാര്യത്തിൽ അറിവുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു . ബ്രൂവറിക്ക് അനുമതി നൽകിയത് വിവാദമായതോടെ വരും ദിവസങ്ങളിൽ ഇക്കാര്യം സി.പി.എമ്മിലും ചർച്ചയാവും.

ks distillerykannur cpm
Comments (0)
Add Comment