സിപിഎം പ്രവർത്തകന്‍റെ വധക്കേസ് പ്രതിയെ ഒളിപ്പിച്ച സംഭവം : പാർട്ടി പ്രതിരോധത്തില്‍

Jaihind Webdesk
Saturday, April 23, 2022

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി പി എം അനുഭാവിയുടെ വീട്ടിൽ നിന്ന് പിടികൂടിയ സംഭവത്തിൽ സി പി എം പ്രതിരോധത്തിൽ.ഹരിദാസ് വധ കേസിലെ പ്രതി പാറക്കണ്ടി നിജിൽദാസിനെ പിടികൂടിയ വീടുമായി സി പി എമ്മിന് അടുത്ത ബന്ധം. പിണറായിൽ സംഘടിപ്പിച്ച പിണറായി പെരുമ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പിണറായി പെരുമ സർഗോത്സവത്തിന് എത്തിയ കലാകാരൻമാരെ താമസിപ്പിച്ചതും പ്രതിയെ പിടികൂടിയ വീട്ടിൽ. സി പി എം പ്രാദേശിക നേതാക്കൾ ഇടപെട്ടാണ് കലാകാരൻമാർക്ക് ഈ വീട്ടിൽ താമസം ഒരുക്കിയത്.

അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം.രേഷ്മ യുടെ ഭർത്താവ് പ്രശാന്തിന്റെ വീട്ടിൽനിന്നാണ് ഹരിദാസ് വധ കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽദാസിനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെ പ്രതി ഒളിവിൽ കഴിഞ്ഞ ഈവീടിന് നേരെ ബോംബേറും ഉണ്ടായി. സി പി എം അനുഭാവിയായ പ്രശാന്തിൻ്റെ വീട്ടിൽ നിന്ന് സി പി എം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പ്രതിയെ പിടികൂടിയത് സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.വീടിന് നേരെ ബോംബേറും ഉണ്ടായതോടെ സംഭവത്തിൻ്റെ വ്യാപ്തിയും വർധിച്ചു.പ്രശാന്ത് സി പി എം അനുഭാവി മാത്രമാണെന്ന് സി പി എം പ്രാദേശിക നേതൃത്വം വിവിധ ചാനലുകളോട് വിശദീകരിക്കുകയും ചെയ്തു. എന്നാൽ നേതൃത്വം ഇടപെട്ടതോടെ പ്രശാന്തിന് സി പി എമ്മുമായി ബന്ധമില്ലെന്ന വിശദീകരണവുമായി പ്രാദേശിക നേതൃത്വവും, ജില്ലാ നേതൃത്വവും രംഗത്ത് വന്നു. പ്രതിയെ താമസിപ്പിച്ച വീട്ടിലെ സ്ത്രീക്ക് എതിരെ ഗുരുതരമായ ആരോപണവുമായി സി പി എം ജില്ല സെക്രട്ടറി രംഗത്ത് വന്നു.

നിജിൽ ദാസിനെ ഒളിവിൽ പാർപ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കയും ചെയ്ത സ്ത്രീയുടെ പെരുമാറ്റം ദുരൂഹതയുള്ളതായി സി പി എം ജില്ല സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. ഇതിനിടെ പ്രതിയെ പിടികൂടിയ വീടുമായി സി പി എമ്മിന് അടുത്ത ബന്ധമാണെന്നതിനുള്ള കൂടുതൽ തെളിവുകളും പുറത്ത് വന്നു. ഏപ്രീൽ ആദ്യവാരം മുതൽ പിണറായി പെരുമ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പിണറായി പെരുമ സർഗോത്സവത്തിന് എത്തിയ കലാകാരൻമാരെ താമസിപ്പിച്ചതും പ്രതി താമസിച്ച വീട്ടിലാണ്. സി പി എം പ്രാദേശിക നേതാക്കളാണ് കലാകാരൻമാർക്ക് ഇവിടെ താമസം ഒരുക്കിയത്. വാടക വാങ്ങാതെയാണ് താമസിക്കാൻ സൗകര്യം നൽകിയതെന്നും സൂചനയുണ്ട്. എന്നാൽ
ഈ വീട് സി പി എം പരിപാടിക്ക് ഈ വാടകയ്ക്ക് എടുത്തതിൽ രാഷ്ട്രീയം ഇല്ലെന്നാണ് സി പി എം ജില്ല സെക്രട്ടറി എംവി ജയരാജന്‍റെ വിശദീകരണം.