കണ്ണൂര്‍ സിപിഎം കലങ്ങി മറിയുന്നു; വിഭാഗീയതയില്‍ കുടുങ്ങി ബ്രാഞ്ച് സമ്മേളനങ്ങള്‍

കണ്ണൂര്‍: സി.പി.എം 24 ആം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കവേ കണ്ണൂരില്‍ പാര്‍ട്ടി നേരിടുന്നത് ഇതുവരെയില്ലാത്ത വിഭാഗീയത. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കങ്ങളും, അഭിപ്രായഭിന്നതയുമാണ് സമ്മേളനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചത്. രണ്ടിടത്ത് ബഹിഷ്‌കരണവും മൂന്നിടത്ത് പലതവണ സമ്മേളന തീയതി മാറ്റിവെക്കേണ്ടിവന്നതും കണ്ണൂരിന്റെ സിപിഎമ്മിന്റെ ചരിത്രത്തില്‍തന്നെ അപൂര്‍വം.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിലാണ് അംഗങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മുടങ്ങിയത് എന്നതാണ് ശ്രദ്ദേയം. പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ബ്രാഞ്ച് സമ്മേളനത്തിന് പുതിയ തീയതി നിശ്ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്കല്‍ സമ്മേളനത്തിന് മുമ്പ് നടത്താനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. പറശ്ശിനിക്കടവ് തലവില്‍ ബ്രാഞ്ച് സമ്മേളനവും ഒരുവിഭാഗം ബഹിഷ്‌കരിച്ചു.

പയ്യന്നൂര്‍ കാരയിലെ മൂന്നു ബ്രാഞ്ച് സമ്മേളനങ്ങളാണ് കടുത്ത വിഭാഗീയതമൂലം പലതവണ മാറ്റിവെക്കേണ്ടിവന്നത്. പയ്യന്നൂര്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധവുമുണ്ടായി.

പയ്യന്നൂര്‍ പയ്യഞ്ചാല്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പോസ്റ്റര്‍. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തിയ ആളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലാണ് വിമര്‍ശനം. കള്ളനെ സെക്രട്ടറിയാക്കിയത് വിഭാഗീയതയുടെ ഭാഗമെന്നാണ് പോസ്റ്റര്‍.

Comments (0)
Add Comment