കണ്ണൂരിലെ കൊവിഡ് മരണം: രോഗം പകർന്നത് ആരില്‍ നിന്നാണെന്ന് കണ്ടെത്താനായില്ല; ആശങ്ക

Jaihind News Bureau
Tuesday, May 26, 2020

കൊവിഡ് ബാധിച്ച് മരിച്ച ധർമ്മടത്തെ ആസിയക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആസിയയെ കൂടാതെ ഇവരുടെ കുടുംബത്തിലെ 7 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.

ധർമ്മടം സ്വദേശിയായ ആസിയക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയിരുന്നു. എന്നാൽ ആസിയക്ക് ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.
ഇവർക്ക് ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതിന് ഇടയിൽ ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 7 പേർക്ക് രോഗം ബാധിച്ചത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ രോഗം ബാധിച്ച ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല.

സ്ത്രീയുടെ ബന്ധുക്കളായ നിരവധി പേരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ബന്ധുക്കളുടെയും, സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെയും സ്രവ പരിശോധന തുടരുകയാണ്. ഇതിന് ശേഷമായിരിക്കും വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുക. തലശേരി മാർക്കറ്റിൽ ജോലി ചെയ്യുന്ന ആസിയയുടെ ബന്ധുക്കളിൽ നിന്നാണ് രോഗം പകർന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അമ്പതിൽ അധികം പേർ ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തായിരുന്നു. ഇവരുടെ പരിശോധന ഫലം പുറത്തുവരുന്നതോടെ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.