കണ്ണൂർ ബോംബേറ്; നാല് പേർ കസ്റ്റഡിയില്‍, ബോംബുണ്ടാക്കിയ ആളും പിടിയില്‍

Jaihind Webdesk
Monday, February 14, 2022

 

കണ്ണൂർ : തോട്ടടയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. തോട്ടടയിൽ ബോംബേറ് നടക്കുമ്പോൾ കൊല്ലപ്പെട്ട ജിഷ്ണുവിന് ഒപ്പമുണ്ടായിരുന്നവരാണ് കസ്റ്റഡിയിലുള്ളത്. ബോംബെറിഞ്ഞത് ജിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന മിഥുൻ എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ബോംബേറ് നടക്കുമ്പോഴുള്ള ദൃശ്യങ്ങളും പുറത്ത്. ബോംബുണ്ടാക്കിയ ആള്‍ പിടിയിലായതായും സൂചനയുണ്ട്.  കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ  പോസ്റ്റ് മോർട്ടം അൽപസമയത്തിനകം നടക്കും.

തോട്ടടയിൽ ബോംബേറ് നടക്കുമ്പോൾ ജിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന നാല് പേരെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അക്ഷയ്, റിജിൻ, മിഥുൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന.
കൊലപാതകത്തില്‍ ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്‍റെ സംഘാംഗമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിതമായി അക്രമം നടത്താനായിരുന്നു കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ സംഘം പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഒരു ബോംബെറിഞ്ഞ് പൊട്ടാതായപ്പോൾ എടുത്തെറിഞ്ഞ
രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്‍റെ തലയില്‍ വീഴുകയായിരുന്നു. ബോംബേറിൽ ജിഷ്ണു തൽക്ഷണം മരിച്ചു.

ജിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന മിഥുൻ ആണ് ബോംബെറിഞ്ഞതെന്നാണ് സൂചന. വിവാഹത്തിന്‍റെ ദൃശ്യങ്ങളും തലേ ദിവസത്തെ വീട്ടിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് ബോംബെറിഞ്ഞവരെയും അക്രമിസംഘത്തെയും പോലീസ് തിരിച്ചറിഞ്ഞത്. ഇതിനിടെ ബോംബേറ് നടക്കുമ്പോഴുള്ള ദൃശ്യങ്ങളും പുറത്ത് വന്നു. വധു വരൻമാർ വീട്ടിലേക്ക് പ്രവേശിച്ചതിന് ശേഷം ബാൻഡ്‌ വാദ്യസംഘത്തിന് ഒപ്പം ഏച്ചൂരിൽ നിന്നെത്തിയ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബോംബ് പൊട്ടി ബാൻഡ് സംഘത്തിന്‍റെ വാദ്യങ്ങൾക്ക് മുകളിൽ ചോര ചിതറി വീഴുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജിഷ്ണുവിന്‍റെ കയ്യിൽ ബോംബ് ഉണ്ടായിരുന്നോ എന്ന് പോലീസിനും ദൃക്സാക്ഷികൾക്കും സംശയമുണ്ട്. ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ ഏച്ചൂരിൽ നിന്നെത്തിയ സംഘാംഗങ്ങൾ കല്യാണത്തലേദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം വലിയന്നൂർ കോളനി റോഡിലും ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലും എത്തിയിരുന്നതായി നാട്ടുകാർ പോലീസിന് വിവരം നൽകിട്ടുണ്ട്. അക്രമികൾ എറിഞ്ഞ ബോംബ് ഇവിടെ നിന്നാണ് ശേഖരിച്ചതെന്നും സൂചനയുണ്ട്.ve