കണ്ണൂര്‍ വിമാനത്താവളം: നെറികേടിന്‍റെ ചുവപ്പ് പരവതാനി വിരിച്ച് പിണറായി; ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല, പ്രതിഷേധം വ്യാപകം

webdesk
Sunday, December 2, 2018

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം ചിറകിലേറുമ്പോള്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയ ഒരാള്‍ക്ക് ക്ഷണമില്ല… മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്. ഡിസംബര്‍ 9ന് കണ്ണൂരില്‍ വന്‍ ആഘോഷമായാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്.

വിമാനത്തവളത്തിന്‍റെ സൂത്രധാരനും വിമാനത്തവളം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടച്ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടിവരുമെന്നാണ് കിയാല്‍ പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ക്ഷണമുണ്ടെങ്കിലും നോട്ടീസില്‍ പേരില്ല. എന്നാല്‍ മന്ത്രിയല്ലാത്ത മാത്യു ടി തോമസിന്‍റെ പേര് നോട്ടീസിലുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാനകാലത്ത് തന്നെ വിമാനത്താവളത്തിന്‍റെ 70% പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ടെര്‍മിനലിന്‍റെയും റണ്‍വേയുടേതുമടക്കം ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്നത്. ഉമ്മന്‍ചാണ്ടി നേരിട്ടായിരുന്നു ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനത്താവളത്തിന് കേന്ദ്ര അനുമതി ലഭിച്ചപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു. എന്നാല്‍ അന്ന് ഭൂമി ഏറ്റെടുക്കലിനെതിരെ സി.പി.എം ശക്തമായി രംഗത്തെത്തിയെങ്കിലും വന്‍ നഷ്ടപരിഹാരത്തുക നല്‍കിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. മട്ടന്നൂര്‍ മണ്ഡലത്തിലെ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളത്തിന് വേണ്ട ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിന് രഹസ്യപിന്തുണ നല്‍കിയത് ഇന്നത്തെ മട്ടന്നൂര്‍ എം.എല്‍.എയും വ്യവസായമന്ത്രിയുമായിരുന്ന ഇ.പി ജയരാജനായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഇന്ന് വിമാനത്താവളത്തിന്‍റെ മുഖ്യ സംഘാടകനായി വിലസുന്നതും മറ്റാരുമല്ല, ഇ.പി ജയരാജന്‍ തന്നെ. ഉദ്ഘാടനച്ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കും വന്‍ പരിഗണന നല്‍കുമ്പോള്‍ ചടങ്ങിലേക്ക് ക്ഷണിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാധാന്യമില്ലെന്നും ആക്ഷേപമുണ്ട്.

വിമാനത്താവളത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും വേഗത്തിലും നടപ്പാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ സംസ്ഥാനത്തും പ്രവാസികള്‍ക്കിടയിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അതേസമയം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക വിമാനത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എല്ലാ സൌകര്യങ്ങളും ഉദ്ഘാടനത്തിന് മുമ്പുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ചെയ്തുകൊടുത്തിരുന്നു. 2014 ഫെബ്രുവരി രണ്ടിന് കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്‍റണിയായിരുന്നു പദ്ധതിയുടെ ഉദ്ഘാനം നിര്‍വഹിച്ചത്. പിന്നീട് കേന്ദ്രത്തില്‍ നിന്ന് പല അനുമതികളും വാങ്ങിയെടുക്കുന്നതിന് ഉമ്മന്‍ചാണ്ടി സ്വീകരിച്ച നടപടികളും തീരുമാനങ്ങളുമായിരുന്നു വിമാനത്താവളം പെട്ടെന്ന് യാഥാര്‍ഥ്യമായതിന് പിന്നില്‍.

2014 ജൂലൈ 5ന് ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു നിർവഹിച്ചത്. വിമാനത്താവളത്തില്‍ വിമാനത്തിന്‍റെ പരീക്ഷണപ്പറക്കലിനും നേതൃത്വം നല്‍കിയതും ഉമ്മന്‍ചാണ്ടി ആയിരുന്നു. മുന്‍ യു.ഡി.എഫ് സർക്കാർ തുടങ്ങിവെച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക എന്നതുമാത്രമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന് വന്നുപെട്ട സൌഭാഗ്യം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘവീക്ഷണത്തോടുകൂടി പൂര്‍ത്തിയായ ഈ പദ്ധതിയുടെ ഉദ്ഘാടനത്തില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുമ്പോള്‍ പിണറായി സർക്കാർ ഒരു നെറികേട് രാഷ്ട്രീയത്തിന്‍റെ ചുവപ്പ് പരവതാനിയാണ് ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിരിക്കാന്‍ പോകുന്നത്. അതും വിമാനത്താവശത്തിനായി ഒന്നും ചെയ്യാത്ത ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍ക്കുവേണ്ടി…