ധീരജവാന്റെ ഭൗതികശരീരത്തിന് മുന്നില്‍ നിന്ന് സെല്‍ഫി; കണ്ണന്താനത്തിന്റെ പ്രവൃത്തിയില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Saturday, February 16, 2019

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ വസന്ത കുമാറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ സെല്‍ഫിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫേസ്ബുക്ക് പേജിലൂടെ സെല്‍ഫി പുറത്തുവിട്ടെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ പിന്‍വലിക്കുകയായിരുന്നു. എങ്കിലും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വി.വി. വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെപ്പോലെയുള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് – ഇതായിരുന്നു കണ്ണന്താനത്തിന്റെ പോസ്റ്റ്. എന്നാല്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവൃത്തിയെ ഔചത്യമില്ലായ്മയായാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. ഇതിന് മുമ്പ് പ്രളയദുരിതാശ്വാസ ക്യാമ്പില്‍ രാത്രി കിടന്നുറങ്ങാന്‍ പോകുന്നതിന്റെ ഫോട്ടോ ഇട്ടതിന്റെ പേരിലും കണ്ണന്താനം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു.