കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഇന്ത്യയില്ല ; രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ : കനയ്യ കുമാര്‍

Jaihind Webdesk
Tuesday, September 28, 2021

ന്യൂഡല്‍ഹി : രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്ന് കനയ്യ കുമാര്‍. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മാത്രമല്ല, ആശയം കൂടിയാണ്. കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തിന് രക്ഷപ്പെടാനാകില്ല.  ഭഗത് സിങ്ങിന്റെ ധൈര്യവും, ഗാന്ധിജിയുടെ സ്വപ്നങ്ങളും അംബേദ്കറിന്റെ മൂല്യങ്ങളും ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടി. വ്യക്തികൾക്കല്ല ഇവിടെ പ്രാധാന്യം.

ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ ആർക്കും കഴിയില്ല. രാജ്യത്ത് ഇപ്പോഴുള്ളത് അടിയന്തര സ്ഥിതിയാണ്. വീട്ടിലിരുന്ന് മിണ്ടാതിരിക്കേണ്ട സമയമല്ലിത്. എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിതെന്ന് ഇതു കേള്‍ക്കുന്ന രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനുവരുന്ന യുവാക്കളോട് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തവര്‍ക്കെല്ലാം നന്ദി പറയുകയാണെന്നും കനയ്യ പറഞ്ഞു.

അതേസമയം കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഇരുവർക്കും പാർട്ടി അംഗത്വം നല്‍കി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുർജ്ജേവാല തുടങ്ങിയ നേതാക്കള്‍ ഇരുവരേയും സ്വീകരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസിന് കരുത്താകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യയും ജിഗ്നേഷും എത്തിയിരുന്നു.