കങ്കണയ്ക്ക് പഞ്ചാബിലും രക്ഷയില്ല; ‘സമുദായത്തിന് അപകീര്‍ത്തികരം, ‘എമര്‍ജന്‍സി’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിഖ് സംഘടന

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി. അമൃത്സറില്‍ ചേര്‍ന്ന എസ്ജിപിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ശന നിലപാടുമായി സിഖ് സമുദായത്തിന്റെ മിനി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന എസ്ജിപിസി രംഗത്തെത്തിയത്. ആചാര്യന്‍ ജര്‍ണയില്‍ സിങ് ഖല്‍സ ഭിന്ദ്രന്‍വാല വ്യക്തിഹത്യ ചെയ്യുന്നതാണെന്നും ഇത് തങ്ങളുടെ സമൂഹത്തിന് സഹിക്കാനാവില്ലെന്നും എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി പറഞ്ഞു.

സിഖ് വിരുദ്ധ അജണ്ട മുന്‍നിര്‍ത്തി വിഷം ചീറ്റുകയും സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന മനോഭാവത്തോടെയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ പഞ്ചാബില്‍ ഒരു കാരണവശാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കങ്കണ റണൗട്ടിന്റെ വര്‍ഗീയ- വിദ്വേഷ പ്രസംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഗൗരവത്തിലെടുക്കുകയും അംഗത്വം റദ്ദാക്കുകയും വേണമെന്നും ധാമി ആവശ്യപ്പെട്ടു.

ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ എമര്‍ജന്‍സി റിലീസ് ചെയ്യാന്‍ അനുവദിക്കൂ എന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റിവിഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന ചില കട്ടുകള്‍ക്ക് ശേഷമേ റിലീസ് അനുവദിക്കാനാവൂ എന്ന് ബോംബെ ഹൈക്കോടതിയിലാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Comments (0)
Add Comment