
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളും മുന്‍ നായകനുമായ കെയിന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമിന് വ്യക്തത നല്‍കാനും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടി20 ഫോര്‍മാറ്റില്‍ നിന്ന് വിടവാങ്ങിയെങ്കിലും ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി തുടര്‍ന്നും കളിക്കുമെന്ന് വില്യംസണ്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളും കായികക്ഷമത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
‘കുറച്ചുകാലമായി ഈ ഫോര്‍മാറ്റിന്റെ ഭാഗമായിരിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍, എനിക്കും ടീമിനും മുന്നോട്ട് പോകാന്‍ ഇത് ഏറ്റവും ഉചിതമായ സമയമാണ്. അടുത്ത ടി20 ലോകകപ്പിനായി ടീമിന് ഒരുങ്ങാന്‍ ഇത് വ്യക്തത നല്‍കും. ധാരാളം കഴിവുള്ള യുവതാരങ്ങള്‍ ടീമിലുണ്ട്. അവര്‍ക്ക് മതിയായ അവസരം ലഭിക്കേണ്ടത് അത്യാവശ്യമാണ്’- വില്ല്യംസണ്‍ കുറിച്ചു.
93 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 2,575 റണ്‍സാണ് വില്യംസണ്‍ നേടിയത്. 75 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ നയിച്ച അദ്ദേഹം 2021-ലെ ടി20 ലോകകപ്പ് ഫൈനലിലും 2016, 2022 വര്‍ഷങ്ങളിലെ സെമി ഫൈനലുകളിലേക്കും ടീമിനെ എത്തിച്ചു. 2021 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ തോറ്റെങ്കിലും അദ്ദേഹത്തിന്റെ 85 റണ്‍സ് ഇന്നിംഗ്സ് ടി20 ചരിത്രത്തിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് പിന്മാറിയെങ്കിലും, ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ വില്യംസണ്‍ തുടര്‍ന്നും കളിക്കും. ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ് വില്യംസണിന്റെ അടുത്ത പ്രധാന ദൗത്യം.