കണ്ടല ബാങ്ക് കള്ളപ്പണക്കേസ്; ഭാസുരാം​ഗന്‍റെയും അഖിൽജിത്തിന്‍റെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് കോടതി നിർദേശം

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണക്കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഹാജരാക്കാൻ ഇഡിക്ക് നിർദ്ദേശം നൽകി കോടതി. പ്രതികളായ ഭാസുരാം​ഗന്‍റെയും മകൻ അഖിൽജിത്തിന്‍റെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളാണ് ഹാജരാക്കാൻ കോടതി നിർദേശം നല്‍കിയിരിക്കുന്നത്. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിവെച്ചു. ബാങ്കിൽ നടന്നത് ക്രമക്കേടല്ലന്നാണ് പ്രതികളുടെ വിശദീകരണം.

അതേസമയം ഇഡിയുടെ റിപ്പോർട്ടിൽ കാണിച്ച തുക കള്ളപ്പണ നിക്ഷേപം അല്ലന്നും അക്കൗണ്ടുകളിലൂടെ നടത്തിയ ഇടപാടുകളാണ് നിക്ഷേപമായി കാണിച്ചതെന്നും വീട് വിൽപ്പന നടത്തിയ തുകയും ചിട്ടി ലഭിച്ച തുകയുമാണ് നിക്ഷേപമായി കാണിച്ചതിൽ ഉൾപ്പട്ടിട്ടുള്ളതെന്നുമാണ് പ്രതികള്‍ പറയുന്നത്.  ബൈജു രാജൻ എന്നയാള്‍ സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ ബാങ്ക് സെക്രട്ടറിയാണ്. ഇയാളുടെ മൊഴിയാണ് ഇഡി തങ്ങൾക്കെതിരായ പ്രധാന മൊഴിയായി കാണിച്ചതെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. കൂടാതെ ഭാസുരാം​ഗന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 18 വരെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ  21 നാണ് പ്രതികളെ ഇഡി അറസ്റ്റ് ചെയ്തത്.  കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത നേതാക്കളുമായി ബന്ധമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുടെ വാദം. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തുവെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. പ്രതികള്‍ പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണെന്നും വ്യക്തമാണ്.

Comments (0)
Add Comment