ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യും; നികുതിരേഖകള്‍ അടക്കം ഹാജരാക്കണമെന്ന് ഇഡി


കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി. നാളെ രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇന്നലെ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്, മകള്‍ ഭീമ എന്നിവരെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഭാസുരാംഗന്റെ നികുതി രേഖകള്‍ അടക്കം ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗന്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Comments (0)
Add Comment