കാനത്തിന് മൂന്നാമൂഴം; തെരഞ്ഞെടുക്കപ്പെട്ടത് മത്സരമില്ലാതെ

Jaihind Webdesk
Monday, October 3, 2022

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തില്‍ കാനത്തിന്‍റെ മൂന്നാമൂഴം. 101 അംഗ സംസ്ഥാന കൗൺസിലിനേയും തെരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോട്ടയം സമ്മേളനത്തില്‍ വെച്ച് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മലപ്പുറത്ത് നടന്ന സമ്മേളനത്തിലും കാനം തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ തിരുവനന്തപുരം സമ്മേളനം  കാനത്തെ മൂന്നാമൂഴത്തിന് നിയോഗിച്ചു. എൻ.ഇ ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിർദേശം മുന്നോട്ടുവെച്ചിരുന്നു.  14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിൽക്കുകയും നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ലെന്നത് വ്യക്തമായിരുന്നു. കടുത്ത വിഭാഗീയതയും തര്‍ക്കവും രൂക്ഷമായ സമ്മേളനത്തില്‍ മത്സരം കൂടി നടത്തേണ്ടെന്ന നിലപാടാണ് ദേശീയനേതൃത്വം നിർദേശിച്ചത്. അതേസമയം കാനം പക്ഷം കരുത്ത് കാട്ടിയെങ്കിലും പാര്‍ട്ടിയിലുയർന്ന  എതിർശബ്ദങ്ങളും അസ്വാരസ്യങ്ങളും പരിഹരിക്കാന്‍ കഴിയാത്തത് തലവേദനയായി തുടരുകയാണ്.