ജോസ് കെ മാണി വിഷയത്തിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം; നിലപാടിൽ മാറ്റമില്ലെന്ന് കാനം രാജേന്ദ്രൻ; കോടിയേരിയ്ക്കും മറുപടി

Jaihind News Bureau
Sunday, July 5, 2020

തിരുവനന്തപുരം: ജോസ് കെ. മാണിയുമായുള്ള സഹകരണത്തില്‍ വീണ്ടും എതിര്‍പ്പുമായി സി.പി.ഐ. വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും എല്‍.ഡി.എഫിന്‍റെ അടിത്തറ വികസിപ്പിക്കേണ്ടത് വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചുകൊണ്ടല്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍.

നിലവിൽ ഇടതുപക്ഷത്തിനു തുടർഭരണ സാധ്യതയുണ്ടെന്നും തുടർഭരണ സാധ്യതയെ സിപിഎം ദുർബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു. ജോസ് കെ.മാണിയെ ഇടതുമുന്നണിയിൽ സ്വീകരിക്കുന്നതിൽ സിപിഎമ്മിന്‍റെ താൽപര്യം വ്യക്തമായ സാഹചര്യത്തിലായിരുന്നു കാനത്തിന്‍റെ പ്രതികരണം.

സാമൂഹ്യ അകലം പാലിക്കേണ്ട സമയമാണെന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും സാമൂഹ്യ അകലമാകും സിപിഐ നയമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത കാനം രാജന്ദ്രന്‍റെ വാക്കുകളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. 1965 ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിച്ചു നോക്കണമെന്ന് കോടിയേരിക്ക് കാനം മറുപടി നല്‍കി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരസ്യ പ്രതികരണത്തോടെ ജോസ് കെ മാണി വിഷയത്തില്‍ ഇടത് മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസമാണ് മറനീക്കി പുറത്ത് വന്നത് .