യുവതികള്‍ വരരുതെന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെ ന്യായീകരിച്ച് കാനം

Jaihind Webdesk
Wednesday, December 26, 2018

kanam rajendran എന്നതിനുള്ള ചിത്രം

തിരുവനന്തപുരം: മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ വരരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനയെ പിന്താങ്ങി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുവതികള്‍ വരുന്നത് ഒഴിവാക്കണമെന്നായിരുന്നു പത്മകുമാറിന്റെ അഭ്യര്‍ത്ഥന. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും.
ഭക്തി പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളില്ലാത്തതിനാല്‍ വരുന്ന യുവതികള്‍ ഭക്തകളാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമില്ല. നിലവില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവര്‍ വരുന്നത് മനപ്പൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം പറഞ്ഞു.