‘ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ’; അതിരപ്പിള്ളിയിൽ മന്ത്രി മണിയ്ക്കും സിപിഎമ്മിനുമെതിരെ പരിഹാസവുമായി കാനം

Jaihind News Bureau
Thursday, June 11, 2020

അതിരപ്പിള്ളി വിഷയത്തിൽ സിപിഎമ്മിനെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലെന്നും പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നുമായിരുന്നു കാനത്തിന്‍റെ പരിഹാസം. അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജണ്ടയിൽ ഇല്ലാത്ത വിഷയമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

അതിരപ്പിള്ളി വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ. പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി വിഷയം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസ്താവനയിലാണ് കാനത്തിന്‍റെ പരിഹാസം.

അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ്. പ്രകടനപത്രികയില്‍പ്പോലും അതിരപ്പിള്ളി ഇല്ല. പദ്ധതി ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂ എന്നും ഇപ്പോള്‍ എന്‍ഒസി നല്‍കിയത് സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമാണെന്നുമാണ് മന്ത്രി എം എം മണി അറിയിച്ചത്.  സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാത്തരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതിയെന്നും സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.